സദ്ദാം ഹുസൈനും ഞാനും

സദ്ദാം ഹുസൈനും ഞാനും

ഈ തലക്കെട്ട് വായിക്കുമ്പോൾ ആദ്യമേ മനസ്സിൽ തെളിഞ്ഞു വരുന്ന ചിത്രം ആരുടേതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അത് ഒരുകാലത്ത് ലോകത്തിന്റെ തന്നെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയ ഇറാഖി ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനാകും. എന്നാൽ എന്റെ സദ്ദാം ആ സദ്ദാം ഹുസൈൻ അല്ല. അവൻ കൊല്ലം ജില്ലയിലുള്ള ഒരു ഇരുപത്തിയാറുകാരൻ ആയിരുന്നു. ഞാൻ മുൻപ് ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തുള്ള ഹോസ്പിറ്റലിന്റെ കൊല്ലം ബ്രാഞ്ചിലെ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു ഡ്രൈവർ ആയിരുന്നു എന്റെ സദ്ദാം ഹുസൈൻ.

എന്റെ മുന്നിലേക്ക് ആദ്യമായി വരുന്നത് അവന്റെ ബ്ലഡ് റിപ്പോർട്ട് ആയിരുന്നു. അവന്റെ മാനേജറായിരുന്നു ആ റിപ്പോർട്ടുമായി എന്റെ അടുത്തേക്ക് വന്നത്. ആ റിപ്പോർട്ടിൽ നിന്ന് അവന് ബ്ലഡ് ക്യാൻസർ ആണെന്ന് എനിക്ക് മനസ്സിലായി. അതിനുശേഷമാണ് സദ്ദാം ഹുസൈൻ എന്റെ O. P യിലേക്ക് വരുന്നത്. സദ്ദാമിനെ കണ്ടപ്പോൾ ഞാൻ ആദ്യമായി ചോദിച്ച ചോദ്യം അവന്റെ പേരിനെക്കുറിച്ച് ആയിരുന്നു. ആ പേര് എങ്ങിനെ വന്നു എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു അങ്ങനെ ചോദിച്ചത്. അവന്റെ അച്ഛൻ ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്താണത്രേ ഇറാക്കും കുവൈറ്റും തമ്മിലുള്ള ഗൾഫ് വാർ നടക്കുന്നത്. ആ സമയത്ത് അവന്റെ അച്ഛൻ സദ്ദാം ഹുസൈന്റെ ഒരു കട്ട ഫാനായിരുന്നു. അങ്ങനെയാണ് മകന് അദ്ദേഹം സദ്ദാം ഹുസൈൻ എന്ന് പേരിടുന്നത്.

ബ്ലഡ് റിപ്പോർട്ടിൽ നിന്ന് അവന് Potentialy Curable ആയ അഥവാ ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കുന്ന A. M. L (Acute Myeloid Leukemia) എന്ന ബ്ലഡ് ക്യാൻസർ ആണെന്ന് ബോധ്യമായി. എന്നാൽ പ്രശ്നം അതായിരുന്നില്ല. ചികിത്സയ്ക്കുള്ള പണം കണ്ടെത്തുക എന്നതായിരുന്നു അവരുടെ മുന്നിലുള്ള വലിയ വെല്ലുവിളി. A. M. L ന് ചികിത്സിക്കുന്ന ഒരു രോഗിക്ക് സ്വകാര്യ ആശുപത്രിയിലെ ആദ്യത്തെ മാസത്തെ ചികിത്സാ ചെലവ് തന്നെ ഏകദേശം 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വരാറുണ്ട്. അതിനുശേഷമുള്ള ചികിത്സയ്ക്കും ഇതുപോലെ തന്നെ ഭാരിച്ച തുക കണ്ടെത്തേണ്ടിവരും. അവരുടെ ബുദ്ധിമുട്ട് കണ്ട ഞാൻ അവരോട് തിരുവനന്തപുരം R. C. C യിൽ പോയി ചികിത്സ തേടാൻ ആവശ്യപ്പെട്ടു. എന്നാൽ R. C. C യിൽ പോയി ചികിത്സ തേടാൻ അവർക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അതിന് കാരണമായി അവർ പറഞ്ഞത് ഏതാനും വർഷം മുമ്പ് ഇതുപോലെ ബ്ലഡ് ക്യാൻസർ ബാധിതയായ സദ്ദാമിന്റെ മൂത്ത സഹോദരിയെ കുറിച്ചായിരുന്നു. അവർ അന്ന് R. C. C യിൽ ചികിത്സ നടത്തിയെങ്കിലും സഹോദരി മരണപ്പെടുകയായിരുന്നു.

അതേ സമയം തന്നെ , അവന് കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഇ.എസ്.ഐ ആനുകൂല്യത്തിന് അർഹത ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങളായി ഇ.എസ്.ഐ പരിരക്ഷയുള്ള രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുന്ന എനിക്ക് അവരുടെ complicated ആയ സിസ്റ്റത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതിന് പൂർണ്ണമായിട്ടും അവരെ കുറ്റം പറയാൻ ഞാനാഗ്രഹിക്കുന്നില്ല. വർഷങ്ങളായി ചില ആശുപത്രികളുടെയും, ചുരുക്കം ചില ഡോക്ടർമാരുടെയും Financial misappropiations ന്റെ പരിണിത ഫലമായിട്ട് കൂടിയാണ് അവരുടെ Protocol ഇത്ര Strict ആയതും, സങ്കീർണ്ണമായിത്തീർന്നതും. അതിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പിക്ക് അവർ സപ്പോർട്ട് കൊടുക്കുകയും എന്നാൽ കീമോതെറാപ്പിക്ക് ശേഷമുള്ള Complications ന് സ്വകാര്യ ആശുപത്രിയിൽ പെർമിഷൻ ഇല്ലാത്ത ഒരു അവസ്ഥയും ആയിരുന്നു. അതായത് കീമോതെറാപ്പിക്ക് ശേഷമുള്ള കോംപ്ലിക്കേഷൻസിന് ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടർമാരെ ആയിരുന്നു അവർ നിയോഗിച്ചിരുന്നത്. അത് ക്യാൻസറിന് ചികിത്സിക്കുന്ന ഞങ്ങളെപ്പോലുള്ള ഡോക്ടർമാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സിറ്റുവേഷൻ ആയിരുന്നു. മുൻപ് പലപ്പോഴും മറ്റ് ക്യാൻസറുകൾ ചികിത്സിച്ചു കൊണ്ടിരിക്കെ കോംപ്ലിക്കേഷൻസ് ഉണ്ടായ ചില സന്ദർഭങ്ങളിൽ എനിക്കത് വ്യക്തമായി ബോധ്യമായതുമാണ്. ചെറിയ കീമോതെറാപ്പികൾക്ക് അതൊരു വലിയ പ്രശ്നമായിരുന്നില്ല. ഓങ്കോളജി സേവനങ്ങളില്ലാത്ത പെരിഫറികളിലെ ഇ.എസ്.ഐ ആശുപത്രികളിൽ ഫിസിഷ്യൻസിനോട് ഫോണിലൂടെ ആശയവിനിമയം നടത്തി ഒരു പരിധിവരെ നമുക്ക് ഈ കീമോതെറാപ്പികൾ മാനേജ് ചെയ്യാൻ ആകും. എന്നാൽ Acute myeloid Leukemia പോലെ വളരെ തീവ്രമായ കീമോതെറാപ്പി പ്രോട്ടോകോൾ കൊടുക്കുന്ന ഒരു വ്യക്തിക്ക് അതൊട്ടും തന്നെ പ്രായോഗികമായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ അവർ ഒരുതരത്തിലും ഒരുക്കമായിരുന്നില്ല. അവന്റെ അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് ഞാനിന്നും ഓർക്കുന്നു.

”എന്റെ ഒരു മകൾ പോയി. ഇനി എനിക്ക് ഇവൻ മാത്രമേയുള്ളൂ. ഇവനെ എങ്ങനെയെങ്കിലും സാർ രക്ഷപ്പെടുത്തി തരണം.!”

ആ അമ്മയുടെ കരച്ചിൽ കേട്ടപ്പോൾ… ഇരുപത്തിയാറ് വയസ്സ് മാത്രമുള്ള ആ ചെറുപ്പക്കാരനെ കുറിച്ചും, അവരുടെ സാമ്പത്തിക പരാധീനതയെക്കുറിച്ചും ആലോചിച്ചപ്പോൾ ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് തോന്നി. അതുകൊണ്ടുതന്നെ ഒന്നുകിൽ ഇ.എസ്.ഐ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ഫണ്ട് മൊബിലൈസ് ചെയ്തു കൊണ്ട് അവനെ ഇവിടെ തന്നെ ചികിത്സിക്കണം എന്ന ഉറച്ച തീരുമാനത്തോടെ കൂടിയാണ് മുന്നോട്ടുപോയത്. അതിനോടനുബന്ധിച്ച് ഇ.എസ്.ഐ മായുള്ള കത്തിടപാടുകളും ഞങ്ങൾ തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു.

പ്ലാൻ ചെയ്ത പോലെ തന്നെ സദ്ദാമിന് ഏഴുദിവസത്തെ കീമോതെറാപ്പി മരുന്നുകൾ കൊടുത്തു. ആ സമയത്ത് കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ അതിനുശേഷം ഓരോന്നോരാന്നായി പല രീതിയിലുള്ള കോംപ്ലിക്കേഷൻസ് വരാൻ തുടങ്ങി. സാധാരണ A. M. L ന് ഉണ്ടാകുന്ന കോംപ്ലിക്കേഷൻ ആയ പനി വരികയും അതിനുള്ള ആൻറിബയോട്ടിക്കുകളും, മറ്റു രീതിയിലുള്ള മരുന്നുകൾ കൊടുക്കുകയും മരുന്നുകളോട് അവൻ നല്ല രീതിയിൽ പ്രതികരിക്കുകയും ചെയ്തു. എന്നാൽ കീമോതെറാപ്പി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു അവന്റെ മലദ്വാരത്തിൽ വേദന തുടങ്ങിയത്. A. M. L ന് ചികിത്സിച്ചിട്ടുള്ള ഏതൊരു ഓൺകോളജിസ്റ്റിനും അറിയാം അതെത്ര മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന്. പ്രതീക്ഷിച്ചത് പോലെ തന്നെ അവനവിടെ വളരെ സീരിയസ് ആയിട്ടുള്ള ഇൻഫെക്ഷൻ വരികയും കട്ടിലിൽ സാധാരണഗതിയിൽ മലർന്ന് കിടക്കാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു. സർജറിയിലെ ഡോക്ടർമാരുടെ സഹായത്തോടുകൂടി ചെറിയൊരു ഓപ്പറേഷൻ ചെയ്യുകയും, തുടർന്ന് ട്രീറ്റ്മെൻറുകൾ continue ചെയ്യുകയും ചെയ്തു. A. M. L രോഗികളിൽ ആ ഭാഗത്ത് ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ പലപ്പോഴും Dangerous ആയിട്ടുള്ള ഇൻഫെക്ഷനുകൾ ആയിട്ടാണ് കണ്ടു വരുന്നത്. അതിനു നമ്മൾ ചികിത്സിച്ചുവെങ്കിലും അതിന്റെ ഭാഗമായി അവന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. ചെറുപ്പക്കാരനായിരുന്നത് കൊണ്ട് മാത്രമല്ല അവന് കുറെയൊക്കെ പിടിച്ച് നില്ക്കാൻ സാധിച്ചത് അതവന്റെ ഉള്ളിലുണ്ടായിരുന്ന ഒരു Fighting spirit കൊണ്ട് കൂടിയാണ്. എന്നിട്ടും ഒടുവിൽ അവൻ മരണത്തിന് കീഴ്പ്പെടുകയാണ് ഉണ്ടായത്.

ജീവിതം കൊണ്ട് സാമ്യതകളില്ലെങ്കിലും, അധികമാർക്കും കേട്ടു കേൾവിയില്ലാത്ത സദ്ദാം ഹുസൈനെന്ന പേര് കൊണ്ട് ശ്രദ്ധേയനായി , ജീവിതത്തിനും മരണത്തിനുമിടയ്ക്ക് കയറി വന്ന രോഗത്തോട് തികഞ്ഞ പോരാട്ട വീര്യത്തോടെ പ്രതിരോധം തീർത്ത് ഒടുവിൽ കീഴടങ്ങേണ്ടി വന്നു എന്റെ സദ്ദാമിന് !

അവന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ച് കൊണ്ട്..

സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം ബോബൻ തോമസ്