ഞാൻ ബോസ്..
എം എൽ സി ബോസ്..
കഴിഞ്ഞ അഞ്ചുവർഷമായി മിക്കവാറും എല്ലാ ആഴ്ചകളിലും എനിക്ക് വരുന്ന ഒരു ഫോൺകോൾ.
ഫോൺ റിംഗ് ചെയ്യുമ്പോൾ തന്നെ എനിക്കറിയാം അത് തുടങ്ങാൻ പോകുന്നത് ഈ അഭിസംബോധനയിലൂടെ ആയിരിക്കുമെന്ന് . അത്രകണ്ട് പരിചിതമായ അടുപ്പമുള്ള ശബ്ദം.
അദ്ദേഹത്തിന്റെ ഭാര്യ വത്സല കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി എന്റെ പേഷ്യന്റ് ആണ്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുകയും ജീവിതത്തോട് ധീരമായി പോരാടുകയും ചെയ്ത രണ്ട് വ്യക്തികളാണ്. എന്നാൽ ജീവിതത്തിന് ഒരു സെക്കൻഡ് ഇന്നിംഗ്സ് ഉണ്ടെന്നും അത് എത്രകണ്ട് മനോഹരമാക്കാമെന്നും കാണിച്ചു തന്ന രണ്ട് വ്യക്തികൾ കൂടിയാണ് അവർ.
ഇന്ന് അവരുടെ വെഡ്ഢിങ് ആനിവേഴ്സറിയാണ്. അതുകൊണ്ടുതന്നെ എനിക്ക് വളരെയധികം സന്തോഷം തോന്നുന്ന ഒരു ദിവസം. ശനിയാഴ്ചയിലെ ഒരു ചെറിയ ഇഞ്ചക്ഷന് ഇന്ന് രണ്ടുപേരും കൂടെ സന്തോഷത്തോടെ വന്നു. പരസ്പരം എന്ന പോലെ യാത്രകളെയും വളരെയധികം സ്നേഹിക്കുന്നവർ ഈ യാത്രയെ പരിചയപ്പെടുത്തുന്നത് “ഞങ്ങളുടെ കീമോ യാത്രകൾ” എന്നു പറഞ്ഞാണ്. അത്ര തമാശയോടെയും ലാളിത്യത്തോടെയുമാണ് ജീവിതത്തിന്റെ പ്രയാസങ്ങളെ അവർ സ്വീകരിക്കുന്നത്. ഒരിക്കൽപോലും ഒരു സങ്കടമോ പരിഭവമോ വെറുപ്പോ അവരുടെ മുഖത്ത് കാണാൻ കഴിഞ്ഞിട്ടില്ല. ഈശ്വരൻ തന്ന ഒരു അസുഖത്തെ യാതൊരു ബുദ്ധിമുട്ടും കൂടാതെ സ്വീകരിക്കുകയും അതിനെ കുറിച്ചുള്ള ആശങ്കകൾ ജീവിത യാത്രയിൽ ഒരിക്കൽ പോലും പ്രതിഫലിക്കരുതെന്നും നിർബന്ധമുള്ള ദമ്പതികൾ.
കീമോയ്ക്ക് ശേഷം ഇറങ്ങുമ്പോൾ അദ്ദേഹം പുഞ്ചിരിയോടെ എന്നോട് പറഞ്ഞു.
“ഡോക്ടറെ ഇന്ന് ഞങ്ങൾ ടാജിലേക്കാണ് പോകുന്നത്. ഒരു ദിവസം അവിടെ താമസിക്കാമെന്ന് കരുതി.”
അത് കേട്ടപ്പോൾ എനിക്കും വലിയ സന്തോഷമായി. ഇത്രയും പ്രയാസങ്ങൾക്കിടയിലും ജീവിതത്തിന്റെ സെക്കൻഡ് ഇന്നിംഗ്സ് ഇത്ര ആഹ്ലാദകരമായി പങ്കിടുന്ന വ്യക്തികളെ വളരെ അപൂർവ്വമായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ. അവർക്ക് തുടർന്നുള്ള ജീവിതത്തിൽ ഇതേ സന്തോഷത്തോടെ മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവരുടെ അനുവാദത്തോടെ എടുത്ത ഫോട്ടോഗ്രാഫും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു.
ഡോ. ബോബൻ തോമസ്.