ഡൊമിനിക്കും പുകവലിയും ക്യാൻസറും !

ഡൊമിനിക്കും പുകവലിയും ക്യാൻസറും !

ഫെബ്രുവരി 4

വേൾഡ് കാൻസർ ഡേ!

ഒരു ഓൺകോളജിസ്റ്റിനെ സംബന്ധിച്ച് വേൾഡ് ക്യാൻസർ ഡേ ഒരു സന്ദേശമെങ്കിലും കുത്തിക്കുറിക്കാതെ കടന്നുപോവുന്ന ഒരു ദിവസമല്ല.

ഇത്തവണ എന്തെഴുതണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. സ്ഥിരം പാറ്റേണുകൾ വിട്ട് വ്യത്യസ്തമായ എന്തെങ്കിലും കുറിക്കണമെന്നായിരുന്നു മനസ്സിൽ. കഴിഞ്ഞ ശനിയാഴ്ച ഒ.പി കഴിഞ്ഞപ്പോഴും അതു തന്നെയായിരുന്നു ആലോചന. അപ്പോഴാണ് തിരുവനന്തപുരം ന്യൂ തിയേറ്ററിൽ “ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ് ” എന്ന മമ്മൂട്ടി സിനിമയുണ്ടെന്ന് അറിഞ്ഞത്. ഹാഷിമിനെയും കൂട്ടി ഫസ്റ്റ് ഷോക്ക് പോകാൻ തീരുമാനിച്ചു. അന്ന് ഒ.പി.ഡി കഴിഞ്ഞ് മറ്റ് കമ്മിറ്റുമെന്റുകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഫ്രീ ആയിരുന്നു.

ചെറുപ്പം മുതലേ ഞാൻ ഒരു മമ്മൂട്ടി ഫാനാണ്. മമ്മൂട്ടിയുടെ ഒട്ടുമിക്ക സിനിമകളും ഇപ്പോഴും തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കാറുണ്ട്. ‘കണ്ണൂർ സ്ക്വാഡ്’ എന്ന സിനിമ തിയേറ്ററിൽ പോയി രണ്ട് തവണ കണ്ടു. ഓ.ടി.ടി യിൽ അതെത്ര തവണ കണ്ടു എന്ന് നിശ്ചയമില്ല. രണ്ടുതവണ തിയേറ്ററിൽ പോയി കണ്ട പഴയ ‘സി.ബി.ഐ ഡയറിക്കുറിപ്പ്’ ഒരുപാട് തവണ മിനിസ്ക്രീനിൽ കണ്ടു. ഒട്ടുമിക്ക മമ്മൂട്ടി ഹിറ്റുകളും പലതവണ ടിവിയിലും, അതിന്റെ ക്ലിപ്പുകൾ ഇപ്പോഴും യൂട്യൂബിലും കാണാറുണ്ട്.

മദ്രാസിൽ എംഡിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ‘കാഖ കാഖ’ എന്ന ഗൗതം മേനോൻ സിനിമ കണ്ട് ഗൗതം മേനോന്റെയും ഒരു ആരാധകനായി. മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിക്കുന്ന മലയാളം സിനിമ എന്ന നിലയ്ക്ക് കൂടിയാണ് വളരെ ആഗ്രഹത്തോടുകൂടി ആ സിനിമയ്ക്ക് പോയത്.

ഞാനൊരു സിനിമ നിരൂപകനോ ഇതൊരു സിനിമാ നിരൂപണമോ അല്ല. അതുകൊണ്ടുതന്നെ നിരൂപണത്തിനപ്പുറത്ത് ‘ഡൊമിനിക് ആൻഡ് ലേഡീസ് പഴ്സ്’ എന്ന സിനിമ ക്യാൻസറിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വേൾഡ് കാൻസർ ഡേയെ മുൻനിർത്തി പറയുവാൻ ആഗ്രഹിക്കുന്നു.

സിനിമയുടെ ഒരു സീനിൽ മമ്മൂട്ടിയുടെ ക്യാരക്ടറും സഹനടനും കൂടി യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് വണ്ടി നിർത്തുകയും മമ്മൂട്ടി ഒരു സിഗരറ്റ് വലിക്കുകയും ചെയ്യുന്നുണ്ട്.

‘സാറ് സിഗരറ്റ് വലിക്കുമോ?’ എന്ന സഹനടന്റെ ചോദ്യത്തിന്

‘ഒക്കേഷണലി ‘

എന്നാണ് മമ്മൂട്ടി ഉത്തരം പറയുന്നത്.

ആ സീനിന് സിനിമയുടെ ഉള്ളടക്കവുമായി എന്തെങ്കിലും പ്രാധാന്യമുള്ളതായി എനിക്ക് തോന്നിയില്ല. പുകവലിക്കുന്ന ആ ദൃശ്യമില്ലെങ്കിൽ തന്നെയും ആ സിനിമയ്ക്ക് യാതൊന്നും സംഭവിക്കാനും പോകുന്നില്ല. പിന്നെന്തിനാണ് ആ ദൃശ്യം സംവിധായകൻ ഉൾപ്പെടുത്തിയത് !?

വല്ലപ്പോഴുമാണെങ്കിലും മമ്മൂട്ടിയെ പോലൊരു സൂപ്പർതാരത്തിന്റെ കഥാപാത്രം പുകവലിക്കാൻ താല്പര്യപ്പെടുന്നു എന്ന് പറയുമ്പോൾ അത് സമൂഹത്തിന് നൽകുന്ന ഒരു തെറ്റായ ഇൻഫർമേഷനുണ്ട്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സ്റ്റാർഡം വലിയൊരു സമൂഹത്തെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. ഇടയ്ക്ക് പുകവലിച്ചാൽ കുഴപ്പമില്ല എന്നൊരു സന്ദേശവും അതിൽ ഒളിഞ്ഞിരിക്കുന്നതായി നമുക്ക് വേണമെങ്കിൽ വ്യാഖ്യാനിച്ചെടുക്കാം.

അദ്ദേഹം പല പഴയകാല സിനിമകളിലും പുകവലിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് അത്തരത്തിലുള്ള രംഗങ്ങൾ അദ്ദേഹത്തിന്റെ ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ജീവിതത്തിലും പുകവലിച്ചിരുന്ന വ്യക്തിയാണെന്ന് അദ്ദേഹം പൊതുസമൂഹത്തിൽ പറയുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇന്നത്തെ മാറിയ സാഹചര്യത്തിൽ കഥാ സന്ദർഭങ്ങൾക്ക് യാതൊരു പ്രാധാന്യവുമില്ലാത്ത ഇത്തരം ദൃശ്യങ്ങൾ തികച്ചും അനാവശ്യമായ ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ആ ഒരു രംഗം സ്ക്രീനിൽ കണ്ടപ്പോൾ കുറച്ച് അസ്വസ്ഥത ഉണ്ടാവുകയും ചെയ്തു.

മുൻകാലങ്ങളിൽ പുകവലിക്കുന്ന ദൃശ്യങ്ങൾ പുരുഷത്വത്തിന്റെ ലക്ഷണമെന്ന തെറ്റായ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പല സിനിമകളിലും ഉൾപ്പെടുത്തി പോരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതൊക്കെ ഒരു വലിയ തലമുറയെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ന് പുകവലിയും ശ്വാസകോശാർബുദവും തമ്മിലുള്ള അടുത്ത ബന്ധം അതേക്കുറിച്ചുള്ള പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. ശ്വാസകോശ അർബുദത്തിനും, ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക അർബുദങ്ങൾക്കും പുകവലി പ്രധാനപ്പെട്ട ഒരു കാരണമാണ്.

അതുകൊണ്ടുതന്നെ അത് കൂടുതൽ ഊന്നി പറയേണ്ട ധാർമികമായ ഒരു ബാധ്യതയും കടപ്പാടും നമുക്ക് ഓരോരുത്തർക്കും പൊതുസമൂഹത്തോട് ഉള്ളപ്പോൾ അതിനെ മഹത്വവൽക്കരിക്കുന്ന സൂപ്പർതാര ദൃശ്യങ്ങൾ തെറ്റായ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്.

പുകവലിയുടെ ദൂഷ്യഫലങ്ങൾ അത് ഉപയോഗിക്കുന്നവർക്ക് മാത്രമല്ല അവർക്ക് ചുറ്റുമുള്ളവരെ കൂടി അപകടത്തിലാക്കുന്നുണ്ട്. വീടുകളിലും, ഓഫീസുകളിലും, പൊതു നിരത്തുകളിലും പുകവലിക്കുന്നത് ശിക്ഷാർഹമായ ഒരു കുറ്റമായി നാമിന്ന് കാണുന്നു. അതുകൊണ്ട് കൂടി സഹപ്രവർത്തകന്റെ അടുത്ത് സിഗരറ്റ് വലിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം അനുകരിക്കുന്നത് ഒരു മോശം കാര്യമാണ്.

മറ്റൊരു ദൃശ്യത്തിൽ സഹനടന്റെ ബർത്ത് ഡേ പാർട്ടിയിൽ മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രം വളരെ കൂടിയ അളവിൽ മദ്യപിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിനും സിനിമയിൽ യാതൊരു റെലവൻസുമില്ലെന്ന് ചിത്രം കാണുന്ന ആർക്കും ബോധ്യമാകും.

ഒരു കലാരൂപം എന്ന നിലയ്ക്ക് സിനിമയ്ക്കും , റോൾ മോഡൽ എന്ന നിലയ്ക്ക് നടനും സോഷ്യൽ റെസ്പോൺസിബിലിറ്റിയുണ്ടെന്ന് ഞാൻ കരുതുന്നു. സിനിമയുടെ ബിൽഡപ്പിനോ, ക്യാരക്റ്ററിന്റെ സ്വഭാവത്തിനോ അത്യാവശ്യമാണെങ്കിൽ ഇത്തരം രംഗങ്ങൾ കാണിക്കുന്നതിന് തടസ്സമില്ല. മറിച്ച്‌ അത്തരം ദൃശ്യങ്ങൾ സിനിമയെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ലെങ്കിൽ അത് കാണിക്കുന്നത് സമൂഹത്തോടുള്ള വലിയ അപരാധം തന്നെയാണ്. സിനിമ പ്രവർത്തകർ ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത കാണിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്..

ഒരുവശത്ത് നമ്മൾ വേൾഡ് ക്യാൻസർ ഡേ പോലെയുള്ള പ്രധാനപ്പെട്ട ദിനങ്ങൾ ആചരിക്കുകയും ഞാൻ ഉൾപ്പെടെയുള്ള ഓൺകോളജിസ്റ്റുമാർ അതിന് വേണ്ടിയിട്ടുള്ള ബോധവൽക്കരണ പരിപാടികളിൽ നിരന്തരം മുഴുകുകയും ചെയ്യുമ്പോൾ പൊതു സമൂഹത്തെ വളരെയധികം സ്വാധീനിക്കാൻ കഴിയുന്ന മമ്മൂട്ടിയെ പോലുള്ള മഹാനടന്മാർ തികച്ചും അനാവശ്യമായ ഇത്തരം രംഗങ്ങളിൽ ഭാഗഭാക്കാവുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല.

പുതുതായി സിനിമയിൽ വന്നിട്ടുള്ള അത്ര പ്രശസ്തരല്ലാത്ത ന്യൂജൻ നടന്മാർ പുകവലിയെ ഗ്ലോറിഫൈ ചെയ്യുന്നത് കാണുന്നുണ്ട്. അത് ഒരുതരത്തിലും അംഗീകരിക്കാവുന്ന കാര്യമല്ല. എന്നാൽ എത്രയോ വർഷങ്ങളായി സിനിമ എന്ന ഇൻഡസ്ട്രിയുടെ അവിഭാജ്യ ഘടകമായി നിൽക്കുന്ന, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള വലിയൊരു സമൂഹം വളരെയധികം ആരാധനയോടെ നോക്കി കാണുന്ന ഒരു വ്യക്തിയിൽ നിന്ന് ഉണ്ടായിട്ടുള്ള ഈയൊരു “അനാവശ്യമായ രംഗം” ഒഴിവാക്കേണ്ടതായിരുന്നു എന്നതാണ് എന്റെ പക്ഷം. പ്രത്യേകിച്ച് ഫെബ്രുവരി 4 ലോകമെമ്പാടും ക്യാൻസർ ബോധവൽക്കരണ പരിപാടികൾ നടത്തുമ്പോൾ…

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |