നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കഥയുണ്ട്.!
1912-ഇൽ ഇംഗ്ലണ്ടിലെ സതാംപ്ട്ടണിൽ നിന്ന് പുറപ്പെട്ട ഒരു യാത്രാ കപ്പലിന്റെ കഥ.
അച്ചൻ പറഞ്ഞു തുടങ്ങി.
ചെത്തിപ്പുഴ ആശുപത്രിയിൽ കഴിഞ്ഞദിവസം നടന്ന ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണത്തോടനുബന്ധിച്ചുള്ള അധ്യക്ഷ പ്രസംഗമാണ് സന്ദർഭം. ആശുപത്രിയിലെ അസോസിയേറ്റ് ഡയറക്ടർ ആയ ബഹുമാനപ്പെട്ട ജോസ് പുത്തൻചിറ അച്ചനായിരുന്നു അധ്യക്ഷൻ.
തലക്കെട്ട് വായിക്കുമ്പോൾ നിങ്ങളിൽ പലരും അത്ഭുതപ്പെട്ടതുപോലെ അച്ചന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്കും അത്ഭുതം തോന്നി.
സാധാരണ പള്ളിയിലെ അച്ചന്മാർ ഒരു ജീവിത സന്ദർഭത്തെ കുറിച്ച് സംസാരിക്കുമ്പോൾ ചരിത്രത്തിലെ ഏതെങ്കിലും കഥകളെ ഉദ്ധരിക്കാറുണ്ട്. എങ്കിലും ടൈറ്റാനിക്കും ബ്രെസ്റ്റ് ക്യാൻസറും തമ്മിൽ എന്താണ് കണക്ഷൻ എന്ന് ഞാൻ ആലോചിച്ചു തുടങ്ങി. ഏത് കഥയിലേക്കാണ് അദ്ദേഹം സ്തനാർബുദ ബോധവൽക്കരണത്തെ കൊണ്ടുപോകുന്നത് എന്ന് ഞാൻ അത്ഭുതം കൂറി.
അന്നത്തെ കാലത്ത് എല്ലാവിധ ആഡംബര സൗകര്യങ്ങളോടും കൂടിയ വലിയ ഒരു യാത്രാക്കപ്പൽ ആയിരുന്നല്ലോ ടൈറ്റാനിക്. യാത്രയ്ക്ക് മുൻപ് സ്വപ്നത്തിൽ പോലും ആരും ആ കപ്പൽ അപകടത്തിൽ പെടുമെന്ന് ചിന്തിച്ചിരുന്നില്ല. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ ടൈറ്റാനിക് അപകടത്തിൽപ്പെട്ടു.
അച്ചൻ എന്താണ് പറയാൻ പോകുന്നതെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.
അച്ചൻ തുടർന്നു.
ടൈറ്റാനിക്കിന്റെ യാത്രയിൽ സമുദ്രത്തിലെ വലിയ മഞ്ഞുമലയെ കുറിച്ച് പല മുന്നറിയിപ്പുകളും കൊടുക്കുകയുണ്ടായി എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഏത് പ്രതിസന്ധിയെയും മറികടക്കാൻ കരുത്തുള്ള കപ്പലാണ് ടൈറ്റാനിക് എന്ന ആത്മവിശ്വാസം ആ മുന്നറിയിപ്പിനെ ഗൗരവത്തിൽ എടുക്കാനോ സുരക്ഷയെ കുറിച്ച് ആശങ്കാകുലരാകുവാനോ കപ്പിത്താനെ പ്രേരിപ്പിച്ചില്ല എന്നതാണ് വാസ്തവം.
അവസാനം എന്ത് സംഭവിച്ചു എന്നത് ഖേദകരമായ ചരിത്രമായി നമുക്ക് മുൻപിൽ ഉണ്ട്.
അച്ചൻ പറഞ്ഞു നിർത്തി.
ബ്രെസ്റ്റ് ക്യാൻസർ എന്ന അസുഖത്തിന്റെ ഗൗരവത്തെക്കുറിച്ചും മുന്നറിയിപ്പുകളെ കുറിച്ചും അപകടത്തെക്കുറിച്ചുമാണ് ടൈറ്റാനിക് എന്ന കപ്പലിന്റെ മനോഹരമായ ഉപമയിലൂടെ അച്ചൻ പറയാൻ ശ്രമിച്ചത്.
എനിക്കും പറയാനുള്ളത് അത് തന്നെയാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ക്യാൻസറിൽ മൂന്നിലൊന്നും (30-35%) ബ്രസ്റ്റ് ക്യാൻസർ ആണെന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തി സ്ത്രീയായി ജനിക്കുകയാണെങ്കിൽ അവർക്ക് ബ്രസ്റ്റ് ക്യാൻസർ വരാനുള്ള അപകടസാധ്യതയും കൂടുതലാണ് എന്നതാണ്. ബ്രസ്റ്റ് ക്യാൻസർ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിച്ച് മുന്നോട്ടുപോയാൽ ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം.
എന്തൊക്കെയാണ് ബ്രസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളായി ശരീരം കാണിക്കുന്ന മുന്നറിയിപ്പുകൾ.?
1.മാറിൽ ഉണ്ടാകുന്ന മുഴ
2.മാറിന്റെ ഷേപ്പിൽ ഉണ്ടാകുന്ന വ്യത്യാസം
3.മുലഞെട്ട് അകത്തോട്ട് വലിഞ്ഞിരിക്കുക
4.മുല ഞെട്ടിൽ നിന്ന് വരുന്ന രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവങ്ങൾ
5.മാറിന്റെ തൊലിപ്പുറത്ത് ഉണ്ടാവുന്ന വ്യത്യാസങ്ങൾ
6.കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ
ബ്രസ്റ്റ് ക്യാൻസറിന്റെ റിസ്ക് ഫാക്ടറുകളെ മുന്നറിയിപ്പുകളായി കാണുകയും അതിനെ മുൻകൂട്ടി പ്രതിരോധിക്കുന്നതിനാവശ്യമായ ബ്രസ്റ്റ് സെൽഫ് എക്സാമിനേഷൻ, മാമോഗ്രാം എന്നിവ കൃത്യമായി നടത്തുകയും ചെയ്താൽ ഈ രോഗത്തെ നമുക്ക് ആരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുവാൻ സാധിക്കും. ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കുവാൻ സാധിക്കുകയാണെങ്കിൽ ചികിത്സിച്ച് ഭേദമാക്കുവാൻ കഴിയുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ.
സ്ക്രീനിങ്ങിലൂടെ ക്യാൻസറിന്റെ ലക്ഷണങ്ങൾ തുടങ്ങുന്നതിന് മുൻപോ, ലക്ഷണങ്ങൾ കാണിച്ച് അധികം വൈകാതെയോ നമ്മൾ ചികിത്സ തേടുകയാണെങ്കിൽ പൂർണ്ണമായി ഈ അസുഖം ഭേദമാക്കുവാൻ കഴിയും.
ടൈറ്റാനിക് സിനിമയിലെ കടൽ പോലെയാണ് ജീവിതം. എപ്പോഴാണ് കടലിന്റെ അടിത്തട്ടിലെ മഞ്ഞുമലകൾ നമുക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് അറിയില്ല. ചിലത് നമുക്ക് മുൻകൂട്ടി കാണാൻ കഴിയും. മറ്റു ചിലത് നിരന്തരവും ഗഹനവുമായ പരിശോധനകളിൽ കൂടി മാത്രമേ കാണാൻ കഴിയൂ. പക്ഷേ യാത്രകളിൽ നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം.
ടൈറ്റാനിക്കിനെ പറ്റി പറയുമ്പോൾ ഒരു വ്യക്തിയെ ഓർക്കാതെ എനിക്കിത് പൂർത്തിയാക്കാൻ കഴിയില്ല.അത് അമ്മിച്ചിയമ്മ എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഞങ്ങളുടെ വല്യമ്മച്ചി ആയിരുന്നു. അവധിക്കാലത്ത് കൈപ്പുഴയിലെ ഞങ്ങളുടെ തറവാട്ടു വീട്ടിൽ പോകുമ്പോൾ അമ്മിച്ചിയമ്മ ഞങ്ങൾക്ക് പലപല കഥകളും പറഞ്ഞു തരുമായിരുന്നു. കൂടുതലും വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും ബൈബിൾ കഥകളായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്.
ആദ്യമായി ടൈറ്റാനിക്കിനെ കുറിച്ച് പറഞ്ഞു തന്നതും അമ്മിച്ചിയമ്മയായിരുന്നു. അത് പറഞ്ഞു തന്നത് അഹങ്കാരം നമുക്ക് നല്ലതിനല്ല എന്ന് പഠിപ്പിക്കാനാണ്. നമ്മൾ എത്ര ഉയരത്തിൽ നിന്നാലും അഹങ്കരിച്ചു കഴിഞ്ഞാൽ നമുക്ക് ജീവിതത്തിൽ എല്ലാം നഷ്ടപ്പെടും എന്ന് പറഞ്ഞുതന്ന അമ്മിച്ചിയമ്മയെയും ടൈറ്റാനിക്കിന്റെ കഥ കേട്ടപ്പോൾ ഓർത്തു പോവുകയാണ്.
ടൈറ്റാനിക് സിനിമ റിലീസ് ചെയ്ത സമയമാണ്. അമ്മിച്ചിക്ക് അത് തിയേറ്ററിൽ പോയി കാണണമെന്നുണ്ടായിരുന്നു. മടിച്ചിട്ടാണെങ്കിലും അമ്മിച്ചി അത് ആവശ്യപ്പെട്ടപ്പോൾ എന്റെ അനിയനാണ് തിയേറ്ററിൽ കൊണ്ടുപോയത്. അമ്മിച്ചി ജീവിതത്തിൽ എത്ര സിനിമകൾ തിയേറ്ററിൽ പോയി കണ്ടു എന്ന് എനിക്കറിയില്ല. എന്നാൽ ഗാന്ധി സിനിമയ്ക്ക് ശേഷം അമ്മിച്ചി പോയി കണ്ടത് ടൈറ്റാനിക്കാണ്. അതിനുശേഷം ഒരു സിനിമയും തിയേറ്ററിലോ അല്ലാതെയോ പോയി കണ്ടതായി എനിക്ക് ഓർമ്മയില്ല.
തുടർന്ന് ഞാൻ പ്രസംഗിച്ചപ്പോൾ ചെറിയ കഥാസന്ദർഭത്തിലൂടെ ഒരു വലിയ സന്ദേശം പകർന്നു നൽകിയ അച്ചനെ സ്നേഹത്തോടെ അഭിനന്ദിക്കുകയും, ആ പരാമർശം ഉപയോഗിക്കുന്ന ഓരോ വേദികളിലും അതിന്റെ പേറ്റൻസി അച്ചന് നൽകുമെന്നും തമാശ രൂപത്തിൽ പറയുകയുണ്ടായി.
നമ്മുടെ ജീവിതമാകുന്ന കപ്പലിലെ കപ്പിത്താൻ നമ്മൾ തന്നെയാണ്. അശ്രദ്ധയും, തെറ്റായ അവബോധവും കൊണ്ട് ബ്രസ്റ്റ് ക്യാൻസർ എന്ന ഒരു മഞ്ഞുമലയിലും നമ്മുടെ കപ്പൽ ഇടിച്ചിറങ്ങാതിരിക്കട്ടെ. അതിനു വേണ്ടിയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, മറ്റുള്ളവരെ അതിന് സജ്ജരാക്കുകയും ചെയ്യാം.
ബ്രസ്റ്റ് കാൻസർ ജീവിതത്തിന്റെ അവസാനമല്ലെന്ന് ചിന്തിക്കുക. നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ പൂർണ്ണമായി ചികിത്സിച്ച് മാറ്റാവുന്ന ഒരു സാധാരണ അസുഖം മാത്രമാണ് അത്.
ബോബൻ തോമസ്.