എന്നാലും പി.സി ജോർജേ അങ്ങനെ പറയേണ്ടിയിരുന്നില്ല !

എന്നാലും പി.സി ജോർജേ അങ്ങനെ പറയേണ്ടിയിരുന്നില്ല !

ലൈംഗിക ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾക്കും, സ്ത്രീവിരുദ്ധമായ പരിഹാസങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടി സ്ത്രീകളുടെ മാറിടങ്ങളെ കാണുന്ന മനോരോഗികൾ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട് . ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ മാറിടങ്ങൾ മാതൃത്വത്തിന്റെ ഏറ്റവും വലിയ അനുഭൂതിയായ സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ശരീര അവയവമാണ്. അതേ സമയം അതൊരു ലൈംഗിക അവയവവുമാണ്.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മാറിടങ്ങൾ സ്ത്രീത്വത്തിന്റെ അടയാളങ്ങളും അതിന്റെ പൂർണ്ണതയുമാണ്.

“Sign of femininity”

ഒരു സ്തനാർബുദ രോഗിയെ സംബന്ധിച്ച് അർബുദം മൂലം അവരുടെ മാറിടം മുറിച്ചുമാറ്റപ്പെടുക എന്നത് സ്ത്രീത്വം തന്നെ നഷ്ടപ്പെട്ടു പോകുന്നതിന് തുല്യമായ വളരെ വേദനാജനകമായ ഒരു കാര്യമാണ്.

70 വയസ്സ് കഴിഞ്ഞ സ്ത്രീകൾ പോലും ഡോക്ടറേ എന്ന് വിളിക്കാതെ ‘മോനേ’ എന്ന് വിളിച്ചുകൊണ്ട് മാറിടങ്ങൾ നിലനിർത്തി മറ്റെന്തെങ്കിലും ചെയ്യുവാൻ കഴിയുമോ എന്ന് വളരെ ആശങ്കയോടെയും സങ്കടത്തോടെയും ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിൽ നിന്നുതന്നെ പ്രായഭേദമന്യേ മാറിടത്തോട് സ്ത്രീക്കുള്ള ഗാഢമായ ബന്ധം നമുക്ക് ഊഹിക്കാം. മോഡേൺ ഓൺകോളജി ഈയൊരു കാര്യം പ്രാധാന്യത്തിൽ എടുത്തുകൊണ്ടു തന്നെയാണ് മാറിടം മുറിച്ചു മാറ്റാതെയുള്ള ശസ്ത്രക്രിയക്കുള്ള സാങ്കേതിക വിദ്യകൾ വിജയിപ്പിച്ചത്. മാറ് മുഴുവൻ കളയാതെ അതിന്റെ ഒരു ഭാഗം മാത്രം മാറ്റിയാൽ തന്നെ അത് സ്ത്രീകളിൽ ഉണ്ടാക്കുന്ന വിഷമം ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. മാറ് മുറിച്ചുമാറ്റിയതിനുശേഷം അതിന്റെ ഫോളോ അപ്പിന് വരുമ്പോൾ അവർ അനുഭവിക്കുന്ന വേദന ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം നിഷ ജോസ് കെ മാണി നടത്തുന്ന ക്യാൻസർ ബോധവൽക്കരണത്തെ കുറിച്ച് പി.സി ജോർജിന്റെ മലീമസമായ പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളുടെ മെഡിക്കൽ ഓണ്‍കോളജി ഗ്രൂപ്പിലും എത്തിയത്. കേരള രാഷ്ട്രീയത്തിൽ ഇത്രയും മ്ലേച്ഛമായി രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്ന മറ്റൊരാളില്ല. അദ്ദേഹം വസ്തുനിഷ്ടമായി കാര്യങ്ങൾ അവതരിപ്പിക്കാതെ വ്യക്തിപരമായി ഒട്ടും സംസ്കാരമില്ലാത്ത വിധത്തിൽ ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ തേജോവധം ചെയ്യുന്നത് നാം പലതവണ കണ്ടിട്ടുണ്ട്. ഞാൻ വീട്ടിലേക്ക് വന്നപ്പോൾ മറ്റേതോ ഗ്രൂപ്പിൽ നിന്ന് ആരോ അയച്ച ആ വീഡിയോ കണ്ട എന്റെ അമ്മ പോലും വളരെ രോഷത്തോടെയാണ് ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.

ഒക്ടോബർ മാസം മുഴുവൻ ലോകമെമ്പാടും സ്തനാർബുദ ബോധവൽക്കരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് അതിന് അത്ര പ്രാധാന്യമുള്ളതുകൊണ്ടാണ്. വേൾഡ് കാൻസർ ഡേ പോലെ വർഷത്തിൽ എത്രയോ ഈവന്റുകളിൽ അർബുദ ബോധവൽക്കരണവുമായി ഞാനടക്കമുള്ള ഓൺകോളജിസ്റ്റുകൾ നമ്മുടെ കഴിവിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നിഷയെ പോലെയുള്ള ഒരു ക്യാൻസർ സർവൈവറിന്റെ വാക്കുകൾക്ക് ഒരുപാട് പ്രാധാന്യമുണ്ട്. ക്യാൻസർ ബാധിച്ച ഒരാളെന്ന നിലയിൽ ബ്രസ്റ്റ് ക്യാൻസറിന്റെ ബോധവൽക്കരണത്തെ സംബന്ധിച്ചും, വിവിധ തരത്തിലുള്ള സ്ക്രീനിങ്ങുകളെ കുറിച്ചും പൊതുസമൂഹത്തോട് പറയുമ്പോൾ കിട്ടുന്ന സ്വീകാര്യത ഡോക്ടർമാർ പറയുന്നതിനേക്കാൾ ഏറെയാണ്.

ഒരു ഫിലിം സെലിബ്രിറ്റിക്ക് അല്ലെങ്കിൽ ഒരു കായികതാരത്തിന് അതുമല്ലെങ്കിൽ കലാ- സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ ശോഭിച്ചിട്ടുള്ള വ്യക്തികൾക്ക് സമൂഹത്തിനെ വളരെയേറെ സ്വാധീനിക്കാൻ കഴിയും. അത്തരത്തിൽ മഹനീയമായ ഒരു പ്രവർത്തനമാണ് ഞാൻ ചികിത്സിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ കൂടി എനിക്ക് അടുത്തറിയാവുന്ന നിഷ ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച ചെത്തിപ്പുഴ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനത്തിന് ഞാനും നിഷയും ഒരുമിച്ചുണ്ടായിരുന്നു. അന്നവർ ഖേദത്തോടെ ക്യാൻസർ ബോധവൽക്കരണ പരിപാടികളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. കാരണമായി അവർ പറഞ്ഞത് ഒരു വ്യക്തി അവരുടെ പുറകെ നടന്നു ആക്രമിക്കുന്നു എന്നാണ്. ഒരു വ്യക്തി എന്തോ പറയുന്നു എന്നതുകൊണ്ട് നിങ്ങളുടെ ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ പ്രവർത്തനങ്ങൾ നിർത്തരുത് എന്നാണ് ഞാൻ അവരെ ഉപദേശിച്ചത്. വ്യക്തിയുടെ പേര് അവരുടെ മാന്യത മൂലം എന്നോട് പരാമർശിക്കുകയോ ഞാൻ ചോദിക്കുകയോ ചെയ്തില്ല.

അതിനുശേഷം അവർ നടത്തിയ പ്രസംഗത്തിൽ അവർ പറഞ്ഞത് ഇപ്രകാരമാണ്. സ്ഥിരമായി മാമോഗ്രാം ചെയ്യുന്നതുകൊണ്ടുമാത്രം ആരംഭഘട്ടത്തിൽ കണ്ടുപിടിക്കുവാൻ സാധിച്ച ബ്രസ്റ്റ് ക്യാൻസറായിരുന്നു തന്റേതെന്ന്. ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കാൻ സാധിച്ചത് കൊണ്ട് പുറമേ പ്രകടമാകുന്ന സ്റ്റേജിന്റെ മുൻപേ തന്നെ ക്യാൻസർ കണ്ടുപിടിക്കുവാനും ആ മുഴ മാത്രം മാറ്റുന്ന ക്യാൻസർ കൺസർവേഷൻ സർജറി ചെയ്ത് ബ്രസ്റ്റ് റീട്ടെയിൻ ചെയ്യാനും സാധിച്ചു.

ഇന്ത്യയിലും ലോകമെമ്പാടുമുള്ള കണക്കുകളിലും സൂചിപ്പിക്കുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ബ്രെസ്റ്റ് ക്യാൻസറാണെന്നാണ്. അത് ആകെ ബാധിക്കുന്ന ക്യാൻസറുകളുടെ മൂന്നിലൊന്ന് അല്ലെങ്കിൽ 30 മുതൽ 35 ശതമാനം വരെയാണ്. ആഗോളതലത്തിൽ സ്ത്രീകളുടെ മരണനിരക്കിലും ബ്രസ്റ്റ് ക്യാൻസർ തന്നെയാണ് മുൻപന്തിയിൽ. എന്നാൽ ആരംഭഘട്ടത്തിൽ കണ്ടുപിടിക്കുകയാണെങ്കിൽ പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ സാധിക്കുന്ന ക്യാൻസർ കൂടിയാണ് ബ്രെസ്റ്റ് ക്യാൻസർ. ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കണമെങ്കിൽ ബ്രസ്റ്റ് ക്യാൻസറിന് സ്ക്രീനിങ് ടെസ്റ്റുകൾ നടത്തേണ്ടതായിട്ടുണ്ട്. ബ്രെസ്റ്റ് ക്യാൻസറിനെ പറ്റി ഇന്നും ജനങ്ങളുടെ ഇടയിൽ ശരിയായ അവബോധം ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ അവബോധം സൃഷ്ടിക്കുക എന്നത് ഓരോ വ്യക്തിയുടെയും പ്രത്യേകിച്ച് ക്യാൻസറിനെ അതിജീവിച്ച ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്. അത് നിർവഹിക്കുന്നതിലൂടെ ഈ രോഗത്തെ നമുക്ക് ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്താനാകും. ഏറ്റവും കൂടുതൽ റിസർച്ചുകൾ നടക്കുന്ന ഒരു മേഖല കൂടിയാണ് ഇത്.

കഴിഞ്ഞ എന്റെ ലേഖനത്തിൽ ചങ്ങനാശ്ശേരിയിലെ പായിപ്പാട് എന്ന ഗ്രാമത്തിൽ ബ്രസ്റ്റ് ക്യാൻസറിന് അതിജീവിച്ച മൂന്ന് വനിതകളുടെ ഒരു സ്റ്റിച്ചിംഗ് സംരംഭത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ആ ചടങ്ങിലും ബഹുമാനപ്പെട്ട നിഷ എന്റെ കൂടെ ഉണ്ടായിരുന്നു. എന്നെക്കാൾ മുമ്പ് ചടങ്ങിന് എത്തിയ നിഷ തന്നെയായിരുന്നു അവിടെ തിങ്ങി കൂടിയവരുടെ ശ്രദ്ധാകേന്ദ്രം. ഡോക്ടർ എന്ന നിലയിൽ എന്റെ വാക്കുകൾക്കപ്പുറത്ത് ക്യാൻസർ അതിജീവിത എന്ന നിലയിൽ നിഷയുടെ വാക്കുകൾക്കായിരുന്നു അവിടെ കൂടിയ സ്ത്രീകൾ കാതോർത്തത്.

ഈ ലേഖനം അവസാനിപ്പിക്കുമ്പോൾ എനിക്ക് പറയാനുള്ളത് പി.സി ജോർജ് കേവലം രാഷ്ട്രീയ വൈരത്തിന്റെ പേരിൽ അപമാനിച്ചത് ഒരു വ്യക്തിയെ അല്ല. ക്യാൻസർ ബാധിച്ച സ്ത്രീ സമൂഹത്തെ തന്നെയാണ് എന്നാണ്. ചുരുങ്ങിയത് ജോർജിന്റെ വീട്ടിലുള്ള സ്ത്രീ ജനങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനെങ്കിലു മാപ്പ് പറഞ്ഞേ തീരൂ.

ഇതിൽ രാഷ്ട്രീയമില്ല. ഒരു ക്യാൻസർ ചികിത്സകൻ എന്ന നിലയ്ക്കും, ക്യാൻസർ ബോധവൽക്കരണ പരിപാടികൾ വർഷങ്ങളായി നടത്തുന്ന ഒരു വ്യക്തിയെന്ന നിലയിലും ബോധവൽക്കരണ പരിപാടികൾ എത്രത്തോളം ഫലപ്രദമാക്കാം എന്ന് ഓരോ ദിവസവും ചിന്തിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്കും ഇത് പൊതുസമൂഹത്തോടും പ്രത്യേകിച്ച് ക്യാൻസർ ബോധവൽക്കരണത്തിനു വേണ്ടി ശ്രമിക്കുന്ന ഓരോ വ്യക്തികളോടും, ക്യാൻസർ ബാധിച്ച ഓരോ സ്ത്രീകളോടും ഉള്ള എന്റെ കടപ്പാട് കൂടിയാണ്.

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |