കോട്ടയം ടൗണിലെ പുരാതനമായ ഒരു സ്കൂളാണ് എം. ടി സെമിനാരി ഹൈസ്കൂൾ. വിനയായുടെ അച്ഛൻ പഠിച്ചത് അവിടെയാണ്. ഞാൻ പഠിച്ചത് കോട്ടയത്തെ ഗിരിദീപം സ്കൂളിലാണെങ്കിലും ആ സമയത്ത് എം. ടി സ്കൂളിലെ കുറച്ച് കുട്ടികൾ എനിക്ക് സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അവരിൽ ചിലരുമായി ഇപ്പോഴും നല്ല ബന്ധമാണ്.
എം. ടി സ്കൂളും മൾട്ടിപ്പിൾ മൈലോമയും തമ്മിൽ എന്താണ് ബന്ധമെന്നാവും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഇവ രണ്ടും തമ്മിൽ ബന്ധമൊന്നുമില്ല.
എന്നാൽ എം. ടി സെമിനാരി ഹൈസ്കൂളിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചിരുന്ന രണ്ട് സുഹൃത്തുക്കൾ മൾട്ടിപ്പിൾ മൈലോമ എന്ന അസുഖത്തിന് ഇപ്പോൾ എന്റെ ചികിത്സ എടുക്കുന്നു. രണ്ടുപേർക്കും 65 വയസ്സാണ് പ്രായം. തികച്ചും യാദൃശ്ചികം.
മൾട്ടിപ്പിൾ മൈലോമ എന്ന അസുഖം മജ്ജയിൽ ഉണ്ടാകുന്ന ഒരു ക്യാൻസറാണ്. മജ്ജയ്ക്കുള്ളിലെ പ്ലാസ്മ സെൽ എന്ന കോശത്തിലാണ് ക്യാൻസർ രൂപപ്പെടുന്നത്. സാധാരണ ഒരു വ്യക്തിയിൽ 5% ത്തിൽ താഴെയാണ് പ്ലാസ്മ സെല്ലുകൾ ഉള്ളത്. രോഗപ്രതിരോധശേഷിക്ക് വേണ്ടിവരുന്ന ചില പ്രോട്ടീനുകൾ നിർമ്മിക്കുക എന്നതാണ് പ്ലാസ്മ സെല്ലിന്റെ കർത്തവ്യം. സാധാരണയായി പ്രായം കൂടിയവരിൽ കാണപ്പെടുന്ന മൾട്ടിപ്പിൾ മൈലോമ അപൂർവ്വമായി ചെറുപ്പക്കാരിലും കാണപ്പെടുന്നുണ്ട്.
പല ലക്ഷണങ്ങളായി മൾട്ടിപ്പിൾ മൈലോമ പുറത്തുവരാം..
ഇങ്ങനെ പലരീതിയിൽ പുറത്തേക്ക് വരാവുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ മൈലോമ. അത് കൊണ്ടു തന്നെ പല സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ അടുത്ത് ചികിത്സ എടുത്തിട്ടാകാം മൈലോമ ഡയഗ്നോസ് ചെയ്യുകയും ഒടുവിൽ ഓൺകോളജിസ്റ്റിന്റെ അടുത്തേക്ക് വരുന്നതും.
സംശയം തോന്നുന്നവർക്ക് ബോൺമാരോ ടെസ്റ്റ് ( മജ്ജയുടെ പരിശോധന) നടത്തുകയും മജ്ജയിലെ പ്ലാസ്മ കോശങ്ങളുടെ അളവ് എടുത്ത് അത് 10 ശമാനത്തിൽ കൂടുതലുണ്ടോ എന്ന് പരിശോധിക്കുകയും അതോടൊപ്പം അവ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനിന്റെ അബ്നോർമൽ വാല്യൂസ് പരിശോധനാ വിധേയമാക്കുകയും ചെയ്യും.
മൾട്ടിപ്പിൾ മൈലോമ നമുക്ക് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു അസുഖമല്ല. എന്നിരുന്നാലും ഹൈപ്പർ ടെൻഷൻ, ഡയബറ്റിസ് എന്നീ അസുഖങ്ങൾ പോലെ ഫലപ്രദമായി ഈ രോഗത്തെയും വർഷങ്ങളോളം നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് വരെ വലിയ ഫലപ്രദമല്ലാത്ത കുറച്ചു മരുന്നുകൾ മാത്രമേ ഈ അസുഖത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2005 ഇൽ ‘താലിഡോമൈഡ്’ എന്ന മരുന്നിന്റെ വരവോടുകൂടി മൾട്ടിപ്പിൾ മൈലോമയുടെ ചികിത്സയിൽ ഗണ്യമായ മാറ്റങ്ങൾ ശാസ്ത്രലോകത്ത് സംഭവിച്ചു.
യഥാർത്ഥത്തിൽ താലിഡോമൈഡ് 60-കളിൽ നിരോധിക്കപ്പെട്ട ഒരു മരുന്നായിരുന്നു. ഗർഭസമയത്ത് സ്ത്രീകളിലെ ച്ഛർദിൽ മാറ്റുവാനാണ് അത് കൊടുത്തിരുന്നത്. താലിഡോമൈഡ് ഉപയോഗിച്ച സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനിതക വൈകല്യം കണ്ടതിന് തുടർന്നാണ് ഈ മരുന്ന് നിരോധിക്കുന്നത്.
എന്നാൽ പിന്നീട് അത് മൾട്ടിപ്പിൾ മൈലോമയിൽ ഉപയോഗിക്കുകയും വിപ്ലവകരമായ ചികിത്സാവിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തു.
ഇന്ന് പലതരത്തിലുള്ള മരുന്നുകൾ മൾട്ടിപ്പിൾ മൈലോമക്ക് ലഭ്യമാണ്. ചില രോഗികളിൽ എങ്കിലും ഓട്ടോലോഗസ് സ്റ്റംസെൽ ട്രാൻസ്പ്ലാന്റ് (autologous stem cell transplant) ചെയ്യുന്നുണ്ട്. അതായത് രോഗിയുടെ തന്നെ മജ്ജയിലെ മൂലകോശങ്ങൾ എടുത്ത് ഹൈഡോസ് കീമോതെറാപ്പി നൽകിയതിന് ശേഷം ആ രോഗിയിൽ തന്നെ തിരിച്ചു നൽകുന്ന പ്രക്രിയയയാണ് ഇത്.
ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെങ്കിലും മൂലകോശം മാറ്റിവയ്ക്കുന്നതിലൂടെ അസുഖം ഇല്ലാതിരിക്കുന്ന കാലയളവ് ഒരുപാട് ദീർഘിപ്പിച്ച് കൊണ്ടുപോകാൻ ചികിത്സകൊണ്ട് സാധിക്കും. കേരളത്തിൽ ഒട്ടുമിക്ക ഇടങ്ങളിലും ഓട്ടോ ലോഗസ് സ്റ്റംസെൽ തെറാപ്പി ഇന്ന് ലഭ്യമാണ്.
ഞാൻ തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങിയ സമയത്ത് ആദ്യമായി ഓട്ടോലോഗസ് സ്റ്റംസെൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ജോലി ചെയ്തിരുന്ന ശ്രീകണ്ഠൻ നായർക്കായിരുന്നു. എട്ടുവർഷം മുൻപ് ഞാനും എന്റെ സഹപ്രവർത്തകനായിരുന്ന ഡോ. ചെറിയാൻ തമ്പിയും കൂടി ചികിത്സ വിജയകരമായി പൂർത്തിയാക്കുമ്പോൾ തെക്കൻ കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏതാണ്ട് ആദ്യത്തെ ഓട്ടോലോഗസ് സ്റ്റംസെൽ ട്രാൻസ്പ്ലാന്റ് ആയിരുന്നു അത് എന്ന് അഭിമാനത്തോടെ ഓർക്കുന്നു.
ഇങ്ങനെയൊരു ചികിത്സയെ പറ്റി പറഞ്ഞപ്പോൾ അദ്ദേഹം അതിന്റെ വിശദാംശങ്ങൾ തേടുകയും ചികിത്സയ്ക്കുള്ള പൂർണ്ണ സമ്മതം തരികയും ചെയ്തു. ഏകദേശം അഞ്ചുവർഷത്തോളം അദ്ദേഹത്തിന്റെ രോഗം നിയന്ത്രിച്ച് നിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. അസുഖം വീണ്ടും തിരിച്ചു വന്നപ്പോൾ ചികിത്സ വീണ്ടും പുനരാരംഭിക്കുകയും നല്ല രീതിയിൽ അസുഖം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയും ചെയ്തു.
പിന്നീട് അദ്ദേഹം ജോലിയിൽനിന്ന് റിട്ടയർമെന്റ് ആയി. ഈ കാലയളവിൽ അദ്ദേഹം മകളുടെ വിവാഹം നടത്തുകയും മുത്തച്ഛൻ ആവുകയും ചെയ്തിരുന്നു.
എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ കുറച്ച് മാസങ്ങൾക്ക് മുൻപ് അദ്ദേഹമടക്കം കുടുംബത്തിലെ എല്ലാവർക്കും പനി വരികയും പിന്നീട് അദ്ദേഹത്തിന്റെ പനി മാത്രം മൂർച്ഛിക്കുകയും സെപ്റ്റിക് ഷോക്കിലേക്ക് പോവുകയും ചെയ്തു. ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്തെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
മൾട്ടിപ്പിൾ മൈലോമ എന്ന അസുഖത്തിന്റെ ഒരു പ്രശ്നം രോഗം കൊണ്ടും രോഗത്തിന് ഉപയോഗിക്കുന്ന ചികിത്സ കൊണ്ടും രോഗപ്രതിരോധശേഷിയിൽ വരുന്ന കുറവാണ്. തത്ഫലമായി സാധാരണ എല്ലാവർക്കും വരുന്ന ഇൻഫെക്ഷൻ പോലും രോഗികളിൽ പെട്ടെന്ന് മൂർച്ചിക്കുന്ന അവസ്ഥയിലേക്ക് കടക്കുന്നു എന്നതാണ്.
മൾട്ടിപ്പിൾ മൈലോമ ബാധിച്ച് ഇത്രയും കാലം ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ മരണം വലിയ വേദന ഉണ്ടാക്കി. പ്രത്യേകിച്ച് ആ കാലത്ത് ഓട്ടോ ലോഗസ് സ്റ്റംസെൽ തെറാപ്പി എന്ന പുതിയ ഒരു ചികിത്സാ പദ്ധതിക്ക് ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും സമ്മതം മൂളിയ ആദ്യത്തെ രോഗിയും പോലീസുകാരനുമായ ശ്രീകണ്ഠൻ നായരെ മറക്കാൻ കഴിയില്ല. അതോടൊപ്പം മൾട്ടിപ്പിൾ മൈലോമ എന്ന രോഗത്തെപ്പറ്റിയുള്ള അവബോധം ജനങ്ങളിൽ എത്തിക്കണമെന്നും തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്.
ബോബൻ തോമസ്.