ഇന്നുമുതൽ മരണം വരെ…..
സുഖത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഞങ്ങൾ ഒരുമിച്ച് ജീവിച്ചു കൊള്ളാമെന്ന് ഈശ്വരൻ സാക്ഷിയായി പ്രതിജ്ഞ ചെയ്യുന്നു ”
ക്രൈസ്തവ വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ഈ പ്രതിജ്ഞയാണ്.
താലികെട്ടും മന്ത്രകോടി അണിയിക്കലും ഉൾപ്പെടെ പല ചടങ്ങുകളും പൊതുവായി എല്ലാ വിവാഹങ്ങളിലും കാണാമെങ്കിലും ഈശ്വരനെ സാക്ഷിയാക്കി ബൈബിളിൽ തൊട്ട് സത്യം ചെയ്തു എടുക്കുന്ന ഈ പ്രതിജ്ഞ തന്നെയാണ് ക്രൈസ്തവ വിവാഹങ്ങളുടെ ഏറ്റവും വലിയ സവിശേഷത.
വിവാഹം കഴിക്കുന്ന സമയത്ത് ഈ പ്രതിജ്ഞയെക്കുറിച്ച് അത്രക്കൊന്നും ചിന്തിച്ചിട്ടല്ല മുന്നോട്ടുപോയത്. എന്നാൽ സുഖത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഉപരി…
“ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരുമിച്ചു ജീവിക്കാം”
എന്ന ദൈവത്തെ സാക്ഷി നിർത്തിയുള്ള ദൃഢപ്രതിജ്ഞ തന്നെയാണ് ആ ബന്ധത്തെ ഏറ്റവും അമൂല്യമാക്കുന്നതെന്ന് മനസ്സിലാക്കിയത് ഒരു ഡോക്ടർ ആയതിന് ശേഷം പ്രത്യേകിച്ച് ഒരു ഓൺകോളജിസ്റ്റ് ആയതിനുശേഷമാണ്.
ജീവിതം ഏറ്റവും പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ താങ്ങും തണലുമായി നിൽക്കുന്നത് അവരുടെ ജീവിത പങ്കാളി തന്നെയാണ്. എത്ര വലിയ ക്രൈസിസിലും കൂടുതൽ രോഗികളിലും അവർക്ക് വേണ്ട ശാരീരികവും മാനസികവും സാമ്പത്തികവുമായ പിന്തുണ കൊടുത്ത് വളരെ ആത്മബന്ധത്തോടെ ചേർന്നു നിൽക്കുന്ന ജീവിതപങ്കാളികളെയാണ് ഞാൻ കണ്ടിട്ടുള്ളത്. അങ്ങനെയല്ലാത്തവരും ഇല്ലെന്നല്ല പക്ഷേ ഭൂരിഭാഗം പേരും അങ്ങനെ തന്നെയാണ്.
അതിൽ സാമ്പത്തിക നിലവാരമുള്ളവരുണ്ടാകാം ഇല്ലാത്തവർ ഉണ്ടാകാം. സോഷ്യൽ സ്റ്റാറ്റസിൽ മുന്നിൽ നിൽക്കുന്നവരുണ്ടാകാം. ഇല്ലാത്തവർ ഉണ്ടാകാം. ആരുമാകട്ടെ ജീവിത പങ്കാളിക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച് ഏതറ്റം വരെയും പോകാൻ തയ്യാറുള്ളവരാണ് അവരെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ കണ്ട ഒരു കാഴ്ചയാണ് ഈ വീഡിയോയിൽ ചേർത്തിരിക്കുന്നത്. വർഷങ്ങളായി എന്റെ അടുത്ത് ചികിത്സ തേടുന്ന സ്ത്രീയും അവരുടെ ഭർത്താവുമാണ്. ഞായറാഴ്ച കീമോതെറാപ്പിക്ക് നടന്നു വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഞാനിത് പകർത്തുന്നത്. സഹധർമ്മിണിയെ ചേർത്തുപിടിച്ച് കീമോതെറാപ്പിക്ക് വരുന്ന അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സിന് വലിയ സന്തോഷം തോന്നി. അങ്ങനെയാണ് പുറകിൽ നിന്ന് ആ ദൃശ്യം ചിത്രീകരിക്കുന്നത്.
അവർക്കത് കണ്ടപ്പോൾ വലിയ അത്ഭുതം തോന്നി ചിരിച്ചു.
“നിങ്ങൾ നടന്നു പോകുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. അതുകൊണ്ടാണ് നിങ്ങളുടെ അനുവാദം ചോദിക്കാതെ തന്നെ ഞാനിത് പകർത്തിയത്”
ഞാൻ പറഞ്ഞു.
“അയ്യോ അതിനെന്താ ഡോക്ടർ അതിലൊന്നും കുഴപ്പമില്ലല്ലോ”
എന്നാണ് ചിരിച്ചുകൊണ്ട് അവർ പറഞ്ഞത്.
അവരുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. തിരിച്ച് പോകുമ്പോൾ അവരതെനിക്ക് തന്നു. വീട്ടിൽ ചെന്ന് തുറന്നു നോക്കുമ്പോൾ നല്ല രുചിയുള്ള ഹൽവ. വീട്ടിൽ തന്നെ ഉണ്ടാക്കിയതാണ്.
ഹൽവയെക്കാൾ മധുരം തോന്നിയത് പരസ്പരമുള്ള അവരുടെ സ്നേഹത്തിനോടാണ്. ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ കൈകൾ പരസ്പരം ചേർത്ത് പിടിച്ചു കൊണ്ടുള്ള ആ നടത്തം ജീവിതത്തിൽ മറക്കാനാകാത്ത സന്തോഷമുള്ള ഒരു അനുഭവമായി. പ്രിയപ്പെട്ട നിങ്ങളോട് കൂടി അത് ഷെയർ ചെയ്യുന്നു.
ബോബൻ തോമസ്.